സന്ദര്‍ശകര്‍ ഇതുവരെ ! [Visitors till Date !]

2013, മേയ് 8, ബുധനാഴ്‌ച

"ഇത്രേം കാശൊക്കെ എവിടുന്നാ വരുന്നേ അച്ചായാ ? "

" അച്ചായാ! " ടി വി നോക്കിയിരുന്ന പെണ്ണമ്മ യുസേപ്പച്ചനെ വിളിച്ചു.

" എന്താടീ ? "  അയാള്‍ ഭാര്യയെ നോക്കി കാര്യം തിരക്കി.

" അല്ലിച്ചായാ, ഈ റെയില്‍വേ ബോര്‍ഡ്‌ മെമ്പര്‍ എന്ന് വച്ചാ എന്താ ?" പെണ്ണമ്മ തിരക്കി.

യൂസേപ്പച്ചന് കാര്യം പിടി കിട്ടി. കോടി കോഴ കൊടുത്ത് പിടിയിലായ റെയില്‍ മെമ്പറുടെ വാര്‍ത്ത പെണ്ണുമ്പിള്ള ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു.

" എടീ, അത് പിന്നെ ഈ രാജ്യത്തെ മുഴുവന്‍ റയില്‍ പാതകളും അതിലോടുന്ന ട്രെയിനുകളും എല്ലാം ഭരിക്കുന്ന ഒരു മന്ത്രി അല്ലിയോ ഈ റെയില്‍വേ മന്ത്രി ? അങ്ങേരുടെ അടുത്ത ശിങ്കിടി ഉദ്യോഗസ്ഥരെ ബോര്‍ഡ്‌ മെമ്പര്‍ എന്നാ വിളിക്കുന്നെ."

" എന്നാലും അതിനൊരു ഗമയില്ലല്ലോ അച്ചായാ. നമ്മടെ പഞ്ചായത്ത്‌ മെമ്പര്‍ എന്ന് പറയുന്ന പോലെ."

" അത് പോലെ തന്നെ ആണെന്ന് കരുതിക്കൊടീ ഈ റയില്‍ മെമ്പര്‍ മാരും. "

" ശമ്പളക്കാരാന്നോ അച്ചായാ ? " പെണ്ണമ്മയ്ക്ക് സംശയം തീരുന്നില്ല.

" അതെടീ, ശമ്പളോം കിമ്പളോം ഒക്കെ കാണും."

" എത്ര കാണും ശമ്പളം ? "

" കട്ടിങ്ങും കിട്ടിങ്ങും ഒക്കെ കഴിഞ്ഞു ഒരു ലക്ഷം മാസം കിട്ടുമായിരിക്കും. "

" മാസം ഒരു ലക്ഷമോ ? അപ്പൊ അങ്ങേര്‍ക്കു ഒരു പ്രമോഷന്‍ കിട്ടിയാ എത്ര കൂട്ടി കിട്ടും ?"

" എടീ അങ്ങനെ പ്രമോഷന്‍ കിട്ടിയാ അവര്‍ക്കൊന്നും ശമ്പളം വലുതായി കൂടത്തില്ല."

" പിന്നെന്തിനാ ഇയാള്‍  പ്രൊമോഷന്‍ കിട്ടാന്‍ മന്ത്രിക്കു കോടി കോഴ കൊടുത്തെ ?"

" അത് പിന്നെ അയാക്കു കിമ്പളം കൂടുതല്‍ കിട്ടാന്‍." യൂസേപ്പച്ചന് വിശദീകരിച്ചു വിശദീകരിച്ചു ദേഷ്യം വരാന്‍ തുടങ്ങിയിരുന്നു.

എന്നാല്‍ പെണ്ണമ്മ വിടാന്‍ കൂട്ടാക്കുന്ന മട്ടില്ല.

" കിമ്പളമാന്നെലും എത്ര വരും? "

" ആ, ആര്‍ക്കറിയാം ഇവരുടെ ഒക്കെ കാര്യം ? "

" അല്ലെന്നേ അച്ചായാ, അയാള്‍ പ്രമോഷന്‍ കിട്ടാന്‍ പത്തു കോടി കൊടുത്തന്നാന്നല്ലോ വാര്‍ത്ത. അത്രേം രൂപ കൊടുക്കണേ അയാടെ കൈയില്‍ അതിലും എത്ര കൂടുതല്‍ കാണും? അപ്പൊ നേരത്തേം കിമ്പളം ശരിക്ക് തട്ടി കാണുമല്ലോ ? "

" പിന്നല്ലാതെ ? "

" അല്ലച്ചായാ, ഇത്രേം വാരിക്കൂട്ടിയിട്ടും ഇവര്‍ക്ക് ആര്‍ത്തി അടങ്ങുന്നില്ലല്ലോ. ഇതെല്ലാം ഇങ്ങനെ വാരിക്കൂട്ടി ഇതെന്നാ ചെയ്യാനാ ?"

" അവര് വാരി കൂട്ടും. അതില്‍ നിന്ന് ഇപ്പൊ കുറെ പോലീസും വക്കീലും ഒക്കെ എടുക്കും. അയാള്‍ പോയി പിന്നെ ജയിലീന്ന് ഫ്രീ ആയി റൊട്ടി തിന്നും." യൗസേപ്പച്ചന്‍ കാര്യങ്ങളുടെ കിടപ്പ് ഭാര്യക്ക് മനസ്സിലാക്കി കൊടുത്തു.

" എന്നാലും എന്‍റെ അച്ചായാ ഈ പണി എല്ലാം കാട്ടി കൂട്ടിയത് ജയിലിലെ പൂത്ത റൊട്ടി തിന്നാനും മൂട്ട കടി കൊള്ളാനും ആരുന്നോ? കഷ്ടം തന്നെ. ഇവമ്മാരെന്നാ പൊട്ടമ്മാരാന്നോ? "

" എടീ, ഈ വല്ലിയ സര്‍ക്കാര്‍ ജോലി കിട്ടാന്‍ ഇവരൊക്കെ ഒരുപാട് ഉറക്കം കളഞ്ഞു പഠിക്കുന്നതല്ലിയോ. അങ്ങനെ പഠിച്ചു പഠിച്ചു ജോലി കിട്ടുമ്പോഴേക്കും ഇവരുടെ ഒക്കെ തലയില്‍ തുള വീണു കഴിഞ്ഞിരിക്കും. അതായത് തലച്ചോര്‍ എന്ന് പറയുന്ന സാധനം ദ്രവിച്ചു തുടങ്ങിയിരിക്കും. അപ്പൊ പിന്നെ അവര്‍ക്ക് നമ്മടെ കൂട്ടോന്നും ആലോചിക്കാനേ കഴിയാതാവും."

" എന്ന് പറഞ്ഞാ സാദാ മനുഷ്യരുടെ ബുദ്ധി അശേഷം ഇല്ലാത്ത കൂട്ടര്‍ ആയി കഴിഞ്ഞിരിക്കും. അല്ലിയോ അച്ചായാ ?"

" അത് തന്നെ. നിനക്ക് കാര്യം പെട്ടെന്ന് മനസ്സിലായല്ലോ."

" പിന്നല്ലാതെ. അതിനു എന്‍റെ തലയില്‍ തുള വീണിട്ടില്ല. എന്നാലും ഒരു സംശയം ബാക്കി. ഇവരിങ്ങനെ ആന്നേ പിന്നെ ഇവരുടെ മോളിലുള്ള മന്ത്രിയുടെ കാര്യം എങ്ങനാരിക്കും?"

" എടീ, തലയിലോന്നും ഇല്ലാത്ത കൂട്ടരല്ലിയോ മന്ത്രിയാവാന്‍ ഗോഗ്വാ വിളിച്ചു ഇറങ്ങുന്നത് ?"

" ഓ, മനസ്സിലായി. ഇവരെല്ലാം നമ്മളു സാധാരണ മനുഷ്യരുടെ കൂട്ടത്തില്‍ പെടുന്നവരല്ല അച്ചായാ."

" എടീ, അത് തന്നെ. ഇനി ഈ മനുഷ്യരല്ലാത്തവരുടെ വാര്‍ത്തയൊന്നും കേക്കാന്‍ നിക്കല്ല്. അത് കേട്ടാ തന്നെ നാറും. "

" ശരി അച്ചായാ, ഇപ്പഴല്ലിയോ അച്ചായന്‍ ഈ വാര്‍ത്തയൊന്നും കേക്കാതെ പോകുന്നതിന്‍റെ ഗുട്ടന്‍സ്‌ പിടി കിട്ടിയത്."

പെണ്ണമ്മയ്ക്ക് ഭര്‍ത്താവിനെ പറ്റി മതിപ്പ് കൂടി.